ധർമസ്ഥല: അന്വേഷണം അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി അഭിഭാഷകർ
Friday, July 18, 2025 2:42 AM IST
മംഗളൂരു: ധർമസ്ഥലയിൽ കൊലപാതകപരമ്പര നടന്നതായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാകുന്നതായി അഭിഭാഷകർ.
വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി പോലീസിന് നല്കിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ ചോർന്നതായും ഇദ്ദേഹത്തിനു സാക്ഷിയെന്ന നിലയിലുള്ള സംരക്ഷണം നല്കാനാകില്ലെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായും അവർ ആരോപിച്ചു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സാക്ഷിയുടെ അഭിഭാഷക സംഘത്തിൽപ്പെട്ട എസ്.ജെ. ധീരജ്, അനന്യ ഗൗഡ എന്നിവർ സുപ്രീംകോടതി, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർക്കും സംസ്ഥാന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കി. അതേസമയം, സാക്ഷി എവിടെയാണുള്ളതെന്ന കാര്യം പോലീസിൽനിന്നുപോലും മറച്ചുപിടിക്കപ്പെടുന്ന സാഹചര്യത്തിലാണു നിയമപ്രകാരമുള്ള സംരക്ഷണം ഉറപ്പുവരുത്താനാകില്ലെന്ന് പറഞ്ഞതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. കെ. അരുൺ പറഞ്ഞു.
സംരക്ഷണം നല്കണമെങ്കിൽ സാക്ഷി പോലീസുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ രഹസ്യമൊഴി നല്കി തിരിച്ചുപോയതിനുശേഷം ഇമെയിലിലൂടെയല്ലാതെ പോലീസിനു സാക്ഷിയുമായി ബന്ധപ്പെടാനാകാത്ത നിലയാണെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷിയെ അദ്ദേഹത്തിന്റെ സമ്മതത്തിന് വിധേയമായി ബ്രെയിൻ മാപ്പിംഗ്, നാർക്കോ അനാലിസിസ്, വിരലടയാള പരിശോധനകൾ നടത്താൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാക്ഷിയുടെ അഭിഭാഷകർതന്നെ പരാതിയുടെ ഭാഗങ്ങൾ പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൃതദേഹ ഭാഗങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്നു പോലീസ് സാക്ഷിയെ നിർബന്ധിച്ചിരുന്നതായും അഭിഭാഷകരുടെ പരാതിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം മുൻകൂട്ടി വെളിപ്പെടുത്തിയാൽ അവശിഷ്ടങ്ങൾ ആ സ്ഥലങ്ങളിൽനിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി സാക്ഷി അതിന് വിസമ്മതിക്കുകയായിരുന്നു.