ശുചിത്വ റാങ്കിംഗിൽ കേരളത്തിനു നേട്ടം; മട്ടന്നൂർ ശുചിത്വ മോഡലിന് അംഗീകാരം
Friday, July 18, 2025 2:42 AM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷണ് റാങ്കിംഗിൽ കേരളത്തിനു നേട്ടം. ആദ്യ നൂറ് റാങ്കിൽ എട്ട് നഗരസഭകൾ ഇടം പിടിച്ചു. 82 നഗരസഭകൾ ആദ്യ 1,000 ത്തിലും ഇടം പിടിച്ചു.
മട്ടന്നൂർ നഗരസഭ പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി. കഴിഞ്ഞവർഷം 1,000 റാങ്കിൽ ഒരു നഗരസഭപോലും കേരളത്തിൽനിന്നു ഇടം പിടിക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ സംസ്ഥാനത്തിനു വലിയ നേട്ടം കരസ്ഥമാക്കാൻ സാധിച്ചതെന്ന് കേന്ദ്ര ഭവന-നഗര വികസന മന്ത്രി മനോഹർലാൽ ഖട്ടറിൽനിന്ന് അവാർഡ് സ്വീകരിച്ചശേഷം സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മട്ടന്നൂർ, കൊച്ചി, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ നഗരസഭകളാണ് ആദ്യ നൂറിൽ ഇടം പിടിച്ചത്. 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടാനായി. അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയവ നൂറു ശതമാനത്തിൽ എത്തിക്കാൻ സാധിച്ചതു മട്ടന്നൂർ നഗരസഭയ്ക്ക് അവാർഡ് ലഭിക്കുന്നതിനു പ്രധാന കാരണമായി.
ഖരമാലിന്യ ശേഖരണം, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെൻഡറിംഗ് പ്ലാന്റ്, സാനിറ്ററി മാലിന്യ സംസ്കരണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, ഐഇസി ബോധവത്കരണം, ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ള പരിപാടികൾ, ജലസ്രോതസുകളുടെ പരിപാലന പ്രവർത്തനങ്ങൾ എന്നിവ മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ് തുടങ്ങിയവർക്കൊപ്പമായിരുന്നു മന്ത്രി അവാർഡ് ഏറ്റുവാങ്ങിയത്.