രാഷ്ട്രപതി ഭരണം: മണിപ്പുരിൽ സുരക്ഷ കൂട്ടി
Saturday, February 15, 2025 1:41 AM IST
ഇംഫാൽ: രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും നിയമസഭ പിരിച്ചുവിടകയും ചെയ്തതിനു പിന്നാലെ മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയതായി സൈനികവൃത്തങ്ങൾ.
രണ്ടുവർഷമായി തുടരുന്ന കലാപത്തിനൊടുവിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണു സംസ്ഥാനത്തു രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്.
ബിരേൻ സിംഗിന്റെ പകരക്കാരനെ കണ്ടെത്താൻ ബിജെപി നേതൃത്വത്തിനു കഴിയാത്തതാണു രാഷ്ട്രപതിഭരണം നിർബന്ധിതമാക്കിയത്.
എംഎൽഎമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് സംബിത് പത്രയും തമ്മിൽ ഒട്ടേറെത്തവണ ചർച്ച നടത്തിയെങ്കിലും ബിരേൻ സിംഗിനു പകരക്കാരനെ തീരുമാനിക്കാനായില്ല. 2027 വരെ നിയമസഭയ്ക്കു കാലാവധിയുള്ളതാണ്. അതേസമയം നിയമസഭ പിരിച്ചുവിടാത്തതിൽ പ്രതീക്ഷയർപ്പിക്കുകയാണു ബിജെപി നേതൃത്വം.
ഭരണഘടനാനുസൃതമായി നിയമസഭ സസ്പൻഡ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും പിരിച്ചുവിട്ടിട്ടില്ലെന്നും സംസ്ഥാന ബിജെപി അധ്യക്ഷ എ. ശാരദ പറഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടാൽ സഭ വീണ്ടും കൂടാവുന്നതേയുള്ളുവെന്നും അവർ വ്യക്തമാക്കി.
അതേസമയം, പ്രശ്നത്തിൽ ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മണിപ്പുരിൽ ഭരണത്തിന് തങ്ങൾ അശക്തരാണെന്ന് ബിജെപി തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പുരിലെ സംഭവവികാസങ്ങളിൽ ഇനി ഉത്തരവാദിത്വമില്ലെന്നു പ്രധാനമന്ത്രിക്കു പറഞ്ഞുനിൽക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.