40 ശതമാനത്തിലധികം അംഗവൈകല്യം എംബിബിഎസ് പ്രവേശനത്തിന് തടസമല്ല: സുപ്രീംകോടതി
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: നാൽപതു ശതമാനമോ അതിലധികമോ ഭാഷാ വൈകല്യവുമുള്ള വ്യക്തികൾക്ക് എംബിബിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി.
ഉദ്യോഗാർഥികളെ എങ്ങനെ അയോഗ്യരാക്കണമെന്ന സമീപനമല്ല ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സ്വീകരിക്കേണ്ടതെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡിസെബിലിറ്റി അസസ്മെന്റ് ബോർഡ് വിദ്യാർഥികളുടെ ഭിന്നശേഷി വിലയിരുത്തണമെന്നും എന്നാൽ ഇത് അന്തിമമാകില്ലെന്നും നിയമ സംവിധാനങ്ങൾക്ക് ഇത് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
എംബിബിഎസ് പ്രവേശനം ആവശ്യപ്പെട്ട് 40-45 ശതമാനം സംസാരശേഷിയും ഭാഷാവൈകല്യവുമുള്ള വിദ്യാർഥി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. വിദ്യാർഥിക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നേടാമെന്ന് കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രവേശനം അനുവദിച്ചുകൊണ്ട് സെപ്റ്റംബർ 18ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഉത്തരവിന്റെ കാരണങ്ങൾ വ്യക്തമാക്കിയാണ് കോടതി ഇന്നലെ വിശദമായ വിധി പ്രസ്താവിച്ചത്. 1997ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻ പ്രകാരം 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരെ എംബിബിഎസ് കോഴ്സിൽനിന്ന് വിലക്കിയതിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്.