ലഹരിമരുന്ന് വേട്ട: ആറു പേർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
Saturday, October 12, 2024 1:48 AM IST
ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ 7000 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഡൽഹി പോലീസ് ആറു പേർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞദിവസം പശ്ചിമ ഡൽഹിയിൽനിന്ന് 2000 കോടി രൂപ വിലവരുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതിനു പിന്നാലെയാണ് പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
യുകെയിലെ ഇന്ത്യൻ വംശജൻ സുവീന്ദർ സിംഗാണ് ഡൽഹി പോലീസ് തെരയുന്നവരിൽ പ്രധാനി. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നു കൊണ്ടുവന്ന മയക്കുമരുന്നിന്റെ വിതരണച്ചുമതല സുവീന്ദർ സിംഗിനായിരുന്നു.
ഈ മാസമാദ്യം ഡൽഹിയിൽനിന്ന് 5000 കോടിയിലധികം വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത ശേഷം സുവീന്ദർ സിംഗ് രാജ്യം വിട്ടതായി കണ്ടെത്തിയിരുന്നു. രണ്ടു കേസുകളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. 12 പേർ കേസിൽ അന്വേഷണം നേരിടുന്നതായി ഡൽഹി പോലീസ് പറഞ്ഞു.