ഇന്ത്യ-പാക് ചർച്ചയില്ല: വിദേശകാര്യ മന്ത്രി
Sunday, October 6, 2024 2:13 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇസ്ലാമാബാദിലെ സന്ദർശനത്തിനിടെ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം ചർച്ച ചെയ്യില്ലെന്നു വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പാക്കിസ്ഥാനിൽ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായി സഹകരണ (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രമാണു തന്റെ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.
""ബഹുരാഷ്ട്ര സമ്മേളനത്തിനായാണു പാക്കിസ്ഥാനിലേക്കു പോകുന്നത്. ഷാങ്ഹായി സഹകരണ കോർപറേഷനിലെ നല്ല അംഗമാണ് ഇന്ത്യ. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തെക്കുറിച്ചു ചർച്ച ചെയ്യാനല്ല അവിടെ പോകുന്നത്. മര്യാദയുള്ള വ്യക്തിയെന്ന നിലയിൽ അതിനനുസരിച്ച് പെരുമാറും''- വിദേശകാര്യമന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് ഒരുപാട് മാധ്യമതാത്പര്യം ഉണ്ടാകുമെന്നറിയാം. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ സ്വഭാവം അത്തരത്തിലുള്ളതാണ്. പക്ഷേ അക്കാര്യം ചർച്ച ചെയ്യാനല്ല യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഗോവയിലെ എസ്സിഒ ഉച്ചകോടിയിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പങ്കെടുത്തിരുന്നു. ഒന്പത് വർഷത്തിനുശേഷമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലേക്ക് പോകുന്നത്.
സുഷമ സ്വരാജാണ് അവസാനം പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി. 2014ൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്കു അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചുവരുത്തുകയും പിന്നീട് അപ്രതീക്ഷിതമായി മോദി ലാഹോറിലെത്തി നവാസിനെ കാണുകയും ചെയ്തെങ്കിലും പിന്നീട് ബന്ധം വഷളായി.
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്ക് ഉച്ചകോടി നിലച്ചതിനു പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ ജയശങ്കർ മറന്നില്ല. സാർക്കിലെ ഒരംഗം മറ്റൊരു അംഗത്തിനെതിരേ അതിർത്തി കടന്നുള്ള തീവ്രവാദം നടത്തുന്നു.
തീവ്രവാദം അസ്വീകാര്യമാ ണ്. നമ്മുടെ അയൽക്കാരിൽ ഒരാൾ അതു തുടർന്നാൽ സാർക്ക് ഉച്ചകോടി സാധാരണപോലെ നടത്താനാകില്ലെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.