ഹെലികോപ്റ്റർ തകർന്ന് മലയാളിയടക്കം മൂന്നു പേർ മരിച്ചു
Thursday, October 3, 2024 1:21 AM IST
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ഹെലികോപ്റ്റർ തകർന്നുവീണ് തീപിടിച്ച് മലയാളിയടക്കം മൂന്നു പേർ മരിച്ചു. വ്യോമസേനയിലെ മുൻ പൈലറ്റുമാരായ ഗിരീഷ്കുമാർ പിള്ള(57), പരംജീത് സിംഗ്(62), എൻജിനിയർ പ്രീതം കുമാർ ഭരദ്വാജ്,(53) എന്നിവരാണു മരിച്ചത്.
ഡൽഹി ആസ്ഥാനമായ ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള അഗസ്ത 109 ഹെലികോപ്റ്റർ പൂനയിലെ ഓക്സ്ഫഡ് കൗണ്ടി ഗോൾഫ് കോഴ്സിൽനിന്ന് മുംബൈയിലെ ജൂഹുവിലേക്കു പറക്കവേ ഇന്നലെ രാവിലെ 7.40നായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്ത് പത്തു മിനിറ്റിനകം ബവ്ധൻ മേഖലയിലെ കുന്നിൻപ്രദേശത്തു ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.
പ്രദേശത്തെ കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണു പ്രാഥമിക നിയമനം. കൊല്ലം കുണ്ടറ കുഴിമതിക്കാട് വിളയിൽ വീട്ടിൽ ശാന്ത ബി. പിള്ളയുടെയും പരേതനായ ഭാസ്കരൻ പിള്ളയുടെയും മകനാണ് ഗിരീഷ് പിള്ള.