കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ
Monday, September 9, 2024 2:42 AM IST
ചെന്നൈ: സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാഴ്ചപരിമിതിയുള്ള അധ്യാപനെ അപമാനിച്ചു സംസാരിച്ച മോട്ടിവേഷണൽ സ്പീക്കറെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാവിഷ്ണു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെന്നൈ നഗരത്തിലെ അശോക് നഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. ക്ലാസിനിടെ, അന്ധത തുടങ്ങിയ ശാരീരികന്യൂനതകളും സാമൂഹിക അസമത്വങ്ങളും കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ ഫലമാണെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്.
ശങ്കർ എന്ന കാഴ്ചപരിമിതിയുള്ള അധ്യാപകൻ വിഷ്ണുവിന്റെ പ്രതികരണത്തെ ശക്തമായി എതിർത്തു. എന്തടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് ശങ്കർ ചോദിച്ചു. അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറും തമ്മിലുള്ള വാഗ്വാദം ഏറെ നീണ്ടുനിന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഷയത്തിൽ ഇടപെട്ടു. സർക്കാർ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ശാസ്ത്രീയ ചിന്തകളും പുരോഗമന ആശയങ്ങളും പ്രചരിപ്പിക്കുന്നതായിരിക്കുമെന്ന് ഉറപ്പുവരുത്താൻ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വികസനത്തിലേക്കുള്ള വഴി ശാസ്ത്രം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരെ മുഴുവൻ അവഹേളിക്കുന്ന തരത്തിലാണു മഹാവിഷ്ണു ക്ലാസെടുത്തതെന്ന് ശങ്കർ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഹാവിഷ്ണുവിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.