സെബി അധ്യക്ഷയ്ക്കെതിരേയുള്ള ആരോപണങ്ങളിൽ അന്വേഷണമില്ല; പ്രതിഷേധിച്ച് കോൺഗ്രസ്
Friday, September 6, 2024 1:50 AM IST
സനു സിറിയക്
ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരേ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണം നടത്താത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്.
മാധബി ബുച്ചിനെതിരേ ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉയരുകയാണെന്നും എന്നാൽ ഇഡി അടക്കമുള്ള കേന്ദ്രസർക്കാർ ഏജസികൾ ഇവർക്കെതിരേ അന്വേഷണത്തിന് ഇതുവരെയും മുതിർന്നിട്ടില്ലെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവർത്തി ആരോപിച്ചു.
സെബി അധ്യക്ഷയ്ക്കെതിരേ ഇത്തരമൊരു ആരോപണം ഉണ്ടായിട്ടും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സെബി അധ്യക്ഷയ്ക്കെതിരേ ഹിൻഡൻബർഗിന്റെ ആരോപണം മാത്രമല്ല നിലനിൽക്കുന്നത്. ഇന്ത്യൻ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബിയിൽ അംഗമായിരിക്കെ ഐസിഐസിഐ ബാങ്കിൽനിന്ന് മാധബി ശന്പളം വാങ്ങുന്നത് തുടർന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് പവൻ ഖേര കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
നിലവിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ പ്രധാന തസ്തിക കൈകാര്യം ചെയ്യുന്പോൾ സ്വകാര്യ ബാങ്കിൽനിന്നു ശന്പളം വാങ്ങുന്നത് ധാർമികതയ്ക്കു നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കീഴ്ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് അഞ്ഞൂറോളം സെബി ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാൽ പുറത്തുനിന്നുള്ള ബാഹ്യശക്തികളുടെ ഇടപെടൽ മൂലമാണ് ഇത്രയും ജീവനക്കാർ ആരോപണമുന്നയിച്ചതെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് സെബി പ്രതികരിച്ചത്.