രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽനിന്ന് അഞ്ചു പേരും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് 15 പേരും അർഹരായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചത്. പോലീസ്, അഗ്നിരക്ഷാ വിഭാഗം, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിൽപെട്ടവർക്കാണ് മെഡലുകൾ.
പോലീസ് വിഭാഗത്തിൽ എഡിജിപി വെങ്കടേഷ് ഹത്തേ ബെൽഗൽ, അഗ്നിരക്ഷാ സേന വിഭാഗത്തിൽ സ്റ്റേഷൻ ഓഫിസർമാരായ വി.കെ. ബിജു, ടി. ഷാജി കുമാർ, സീനിയർ ഫയർ റെസ്ക്യു ഓഫിസർ സി.വി. ദിനേശൻ, ജയിൽ വകുപ്പിൽനിന്ന് ജയിൽ സൂപ്രണ്ട് പി. വിജയൻ എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.
സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽനിന്ന് പോലീസ് വിഭാഗത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ ടി.എസ്. സിനോജ്, ഫിറോസ് എം. ഷഫീഖ്, പ്രദീപ് കുമാർ അയ്യപ്പൻ പിള്ള, രാജ്കുമാർ പുരുഷോത്തമൻ, നജീബ് സുലൈമാൻ, ഇൻസ്പെക്ടർ ശ്രീകുമാർ മഠത്തിലഴിക്കത്ത്, സബ് ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ്, രാജേഷ് കുമാർ ശശിധരൻ, ലക്ഷ്മി അമ്മ, ഹെഡ്കോണ്‍സ്റ്റബിൾ മോഹൻദാസൻ എന്നിവരാണ് അർഹരായത്.
അഗ്നിരക്ഷാസേനയിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ. ദിവുകുമാർ, കെ. ബിജു, ഡ്രൈവർ കെ. സുജയൻ എന്നിവർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു.
ജയിൽവകുപ്പിൽനിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പി.എം. നരേന്ദ്രൻ, അസിസ്റ്റന്റ് സൂപ്രണ്ട് (ഗ്രേഡ് 1) വി. അപ്പുക്കുട്ടി എന്നിവരാണ് കേരളത്തിൽനിന്ന് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് അർഹരായത്.
രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡലുകൾ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മെഡൽ സമ്മാനിക്കും.