ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; സിബിഐ സംഘം മെഡിക്കൽ കോളജിൽ
Thursday, August 15, 2024 1:25 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. മെഡിക്കൽ, ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെ സംഘമാണ് കോൽക്കത്തയിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പിജി ഡോക്ടറുടെ ജഡം കണ്ടെത്തിയത്. ശരീരത്തിൽ പല ഭാഗത്തും പരിക്കേറ്റ നിലയിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസ് വോളന്റിയറായി പ്രവർത്തിക്കുന്ന സഞ്ജയ് റോയി അറസ്റ്റിലായിരുന്നു.
മൂന്നു സംഘങ്ങളായാണ് സിബിഐയുടെ അന്വേഷണം. ഡോക്ടറുടെ ജഡം കണ്ടെത്തിയ സെമിനാര്‍ ഹാളിലെ പരിശോധനയായിരുന്നു ആദ്യസംഘത്തിന്റെ ചുമതല. രണ്ടാമത്തെ സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി. തുടർന്നു മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.
കേസ് അന്വേഷിച്ച കോല്‍ക്കത്ത പോലീസിൽനിന്നുള്ള വിവരശേഖരണത്തിലായിരുന്നു മൂന്നാം സംഘം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബാംഗങ്ങളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം നടന്നോ എന്നതും അന്വേഷണവിഷയമാക്കും.
പ്രതി ഒറ്റയ്ക്കായിരുന്നോ എന്നതു സ്ഥിരീകരിക്കുന്നതിനൊപ്പം തെളിവുനശിപ്പിക്കാന്‍ ശ്രമം നടന്നോ എന്നകാര്യവും പരിശോധിക്കും. വനിതാ ഡോക്ടര്‍ ജീവനൊടുക്കിയതാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം പ്രചരിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഡോക്ടറുടെ മൃതദേഹത്തിൽ 150 മില്ലിഗ്രാം പുരുഷബീജം ഉണ്ടായിരുന്നുവെന്ന് കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മാതാപിതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂട്ടബലാംത്സംഗം നടന്നുവെന്നും മറ്റ് പ്രതികളിലേക്ക് അന്വേഷണം പുരോഗമിക്കുന്നില്ല എന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആശുപത്രിയിൽനിന്ന് ആദ്യം അറിയിച്ചത്. ആശുപത്രിയിലെത്തിയ തങ്ങൾക്കു മൂന്നു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മൃതദേഹം കാണാൻ അവസരം ലഭിച്ചത്.
മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കുംകൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിനെതിരേ ശക്തമായ അന്വേഷണം നടക്കണം.
നീതിയല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.അതിനിടെ അറസ്റ്റിലായ സഞ്ജയ് റോയിയുടെ കസ്റ്റഡി സിബിഐ രേഖപ്പെടുത്തി.