രാജസ്ഥാൻ നിയമസഭയിൽ നാടകീയ രംഗങ്ങൾ ; എംഎൽഎയെ സസ്പെൻഡ് ചെയ്തു
Wednesday, August 7, 2024 2:52 AM IST
ജയ്പൂർ: രാജസ്ഥാൻ നിയമസഭാ സ്പീക്കർ വസുദേവ് ദേവ്നാനി സസ്പെൻഡ് ചെയ്ത കോണ്ഗ്രസ് എംഎൽഎ മുകേഷ് ഭാകർ സഭ വിടാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് സഭയിൽ നാടകീയ രംഗങ്ങൾ. മുകേഷിനു പിന്തുണയുമായി കോണ്ഗ്രസ് എംഎൽഎമാർ തിങ്കളാഴ്ച രാത്രിവൈകിയും സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചു.
ഇന്നലെ വീണ്ടും സഭ ചേർന്നപ്പോൾ നിയമസഭയിൽ തുടർന്ന മുകേഷിന്റെ സസ്പെൻഷൻ കാലാവധി ആറുമാസമാക്കിയതായി സ്പീക്കർ അറിയിച്ചു. പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് സ്പീക്കറുടെ നടപടി.
തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിട്ടും മുകേഷ് ഭാകർ സഭ വിട്ടിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ചീഫ് വിപ്പ് ജോഗേശ്വർ ഗാർഗ് പറഞ്ഞു. ഇതിനിടെ നിയമസഭയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി ആരോപിച്ച് മുകേഷ് ഭാകറും രംഗത്ത് എത്തിയിട്ടുണ്ട്.