എംസിഡി നോമിനേഷന് സർക്കാരിന്റെ അനുമതി വേണ്ടെന്ന് സുപ്രീംകോടതി
Tuesday, August 6, 2024 2:29 AM IST
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ സഹായവും ഉപദേശവും കൂടാതെ ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്ക് (എംസിഡി) അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി.
ഈ അധികാരം മുനിസിപ്പൽ കോർപറേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ ഡൽഹി സർക്കാരിന്റെ ഉപദേശം അദ്ദേഹത്തിന് സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന മുനിസിപ്പൽ കോർപറേഷനിൽ നാമനിർദേശം ചെയ്ത് പത്ത് പേരെ നിയമിച്ചത് ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്നലെ വിധി പ്രസ്താവിച്ചത്.