ഹിമാചൽ മേഘവിസ്ഫോടനം; എട്ട് മരണം, 45 പേരെ കാണാതായി
Saturday, August 3, 2024 2:04 AM IST
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. 45 പേരെ കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങൾകൂടി കിട്ടിയതോടെയാണ് മരണ സംഖ്യ എട്ടായി ഉയർന്നത്. കുളു, മാണ്ഡി, ഷിംല ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മണ്ഡിയിലെ രാജ്ബാൻ ഗ്രാമത്തിൽനിന്നാണ് അഞ്ചുമൃതദേഹങ്ങൾ ലഭിച്ചത്.
കുളുവിലെ നിർമലിൽനിന്ന് ഒന്നും ഷിംലയിലെ രാംപുരിൽനിന്നു രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവും വിദ്യാഭ്യാസ മന്ത്രി രോഹിത് ഠാക്കൂറും സിംല, കുളു ജില്ലകളുടെ അതിർത്തിപ്രദേശമായ സമേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുളു ജില്ലയിലെ കണികരണിലുള്ള മലാന വൈദ്യുതനിലയത്തിനു സമീപം കുടുങ്ങിപ്പോയ 33 പേരെ വ്യാഴാഴ്ച രാത്രിയും ഇന്നലെയുമായി രക്ഷപ്പെടുത്തി.
ബിയാസ് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കുളുവിൽ പാർവതി നദിക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപോയി. ഗൗരികുണ്ഡ്-കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു.
സംസ്ഥാനത്ത് നൂറിലധികം വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നു. ആറു കടകളും നാല് പ്രധാന പാലങ്ങളും 32 നടപ്പാലങ്ങളും ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു.