റഷ്യൻ സൈന്യത്തിലെ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധത്തിൽ അണിചേരാൻ നിർബന്ധിതരായി റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. ആംആദ്മി പാർട്ടി എംപി സന്ദീപ് പഥക്കിന്റെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
റഷ്യൻ സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്നതിനിടെ നാല് ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് ജീവൻ നഷ്ടമായതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയത്.
നിലവിൽ ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് 12 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽനിന്നു വിട്ടുപോന്നതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. സൈനിക ക്യാന്പുകളിലും യുദ്ധമേഖലകളിലും വിന്യസിക്കപ്പെട്ടിട്ടുള്ള 63 ആളുകൾ നിലവിൽ മോചനം കാത്തുകഴിയുകയാണെന്നും എന്നാൽ റഷ്യൻ സേനയിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തേ ജീവൻ നഷ്ടപ്പെട്ട നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിന് സാന്പത്തിക സഹായമടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ആവശ്യമായാൽ മറ്റു കാര്യങ്ങൾക്കും സഹായിക്കാനാകും. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് അവർ ഒപ്പിട്ട കരാർപ്രകാരമുള്ള നഷ്ടപരിഹാരം നൽകുമെന്ന് റഷ്യൻ സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കീർത്തി വർധൻ സിംഗ് അറിയിച്ചു.
കഴിഞ്ഞ മാസം മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചിരുന്നു.
ഇത്തരത്തിലുള്ളവരെ വേഗം തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പുടിൻ ഉറപ്പു നൽകുകയും ചെയ്തിരുന്നു.