എസ്സി, എസ്ടി ഉപസംവരണം ശരിവച്ച് സുപ്രീംകോടതി
Friday, August 2, 2024 2:43 AM IST
സനു സിറിയക്
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ചാണ് ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവ് പുറത്തിറക്കിയത്.
ഇതോടെ ജോലിക്കും വിദ്യാഭ്യാസത്തിനും ഉപസംവരണം ഏർപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സാധിക്കും. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഉപസംവരണം ഏർപ്പെടുത്തുന്നത്. ഇതു രാഷ്ട്രീയ അടിസ്ഥാനത്തിലോ വ്യക്തിതാത്പര്യങ്ങളുടെ പുറത്തോ ആകരുതെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.
കൂടാതെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിൽ മേൽത്തട്ട് സംവിധാനം കൊണ്ടുവരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മറ്റു വിഭാഗങ്ങൾക്ക് മേൽത്തട്ട് സംവിധാനം ബാധകമാണ്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഇതു ബാധകമായിരുന്നില്ല. എന്നാൽ സുപ്രീംകോടതിയുടെ വിധിയോടെ ഈ സംവിധാനം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും ബാധകമാകും. ഒബിസി വിഭാഗങ്ങൾക്കിടയിൽ സാന്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് മേൽത്തട്ട് സംവിധാനം തിരിക്കുന്നത്.
എസ്സി/എസ്ടി വിഭാഗങ്ങൾക്കിടയിൽ സാന്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയാനും സംവരണാനുകൂല്യങ്ങളിൽനിന്ന് പുറത്താക്കാനും നയരൂപീകരണം നടത്തണമെന്ന് ജസ്റ്റീസ് ബി.ആർ. ഗവായ് ആവശ്യപ്പെട്ടു. യഥാർഥ സമത്വം നേടാനുള്ള ഒരേയൊരു മാർഗമാണിതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
2005ലെ ഇ.വി. ചിന്നയ്യ കേസിലെ സുപ്രീംകോടതി ഉത്തരവിനെത്തന്നെ തിരുത്തുന്നതാണ് ഏഴംഗ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ച വിധി. പ്രത്യേക സംവരണവുമായി ബന്ധപ്പെട്ട് രണ്ടു വിഷയങ്ങളാണ് കോടതി പരിശോധിച്ചത്.
നിലവിൽ സംവരണം നൽകുന്ന ഒരു ജാതിവിഭാഗത്തിൽ വീണ്ടും ഉപവിഭാഗങ്ങൾ രൂപീകരിച്ച് സംവരണം അനുവദിക്കാൻ സാധിക്കുമോയെന്നതും ഉപവിഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം സംവരണം നൽകരുത് എന്ന 2005ലെ കോടതി നിരീക്ഷണം ശരിയാണോയെന്നതും.
എന്നാൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തെ ഒന്നായി കാണാൻ സാധിക്കില്ലെന്നും അതിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാൽ സർക്കാരുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് ആകരുത്. സംവരണം നൽകുന്ന വിഭാഗത്തിന്റെ പ്രാതിനിധ്യം കുറവാണെന്ന കാര്യം സർക്കാരുകൾ തെളിയിക്കണം. ഇക്കാര്യങ്ങളെല്ലാം കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
സംവരണം നൽകേണ്ട ജാതിവിഭാഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചു മാത്രമാണ് ഭരണഘടനയുടെ അനുച്ഛേദം 341 പറയുന്നത്. സംവരണത്തിന്റെ അടിസ്ഥാനം ഭരണഘടന അനുച്ഛേദം 341 മാത്രമാണെന്നു കരുതിയതാണ് ഇ.വി. ചിന്നയ്യ കേസിൽ വിരുദ്ധവിധി ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.