ബംഗ്ലാദേശ് കലാപം : അതിർത്തിയിൽ അതീവ ജാഗ്രത
Monday, July 22, 2024 3:31 AM IST
അഗർത്തല: ബംഗ്ലാദേശിലെ കലാപം കണക്കിലെടുത്ത് അതിർത്തിയിൽ അതീവ ജാഗ്രത തുടരുകയാണെന്ന് ബിഎസ്എഫ്. ഏതു സാഹചര്യം നേരിടാനും സേന സജ്ജമാണെന്നും ബിഎസ്എഫ് ത്രിപുര ഫ്രണ്ടിയർ ഐജി പി.പി. പുരുഷോത്തം ദാസ് പറഞ്ഞു. രാജ്യാന്തര അതിർത്തിയിൽ വലിയ തോതിൽ സേനാവിന്യാസം നടത്തിയിട്ടുണ്ട്, മുതിർന്ന കമാൻഡർമാരെ അയച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുക എന്നതാണു മുന്നിലുള്ള പ്രധാന ദൗത്യം- അദ്ദേഹം പറഞ്ഞു.
എണ്ണായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ ബംഗ്ലാദേശിൽ പഠിക്കുന്നതായാണു കണക്കുകൾ. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർഥികളാണ്. കോമില്ല, ബ്രാഹ്മൺബാരിയ, ധാക്ക മെഡിക്കൽ കോളജുകളിലാണ് ഇന്ത്യൻ വിദ്യാർഥികൾ ഏറെയുള്ളത്.
ഇന്നലെ ത്രിപുര അതിർത്തിയിലൂടെ 314 വിദ്യാർഥികൾ ഇന്ത്യയിലെത്തി. ഇതിൽ 66 പേർ നേപ്പാളിൽനിന്നുള്ളവരാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 379 പേരും എത്തിയിരുന്നു. ഇതുവരെ 693 വിദ്യാർഥികൾ ഇന്ത്യയിൽ തിരിച്ചെത്തി.
പശ്ചിമബംഗാൾ, മേഘാലയ എന്നിവിടങ്ങളിലെ അതിർത്തികളിലൂടെയും ഇന്ത്യയിലേക്ക് ആളുകൾ എത്തുന്നുണ്ട്. അതേസമയം കലാപത്തെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരം സ്തംഭിച്ചു.