അഞ്ചാം ദിവസവും ഇരുട്ടിൽ തപ്പി അധികൃതർ
Sunday, July 21, 2024 1:16 AM IST
കാർവാർ (കർണാടക): അങ്കോള താലൂക്കിലെ ഷിരൂരിൽ ദേശീയപാതയിലേക്കു മലയിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ അഞ്ചു ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല.
അർജുനെ കണ്ടെത്തുന്നതിനു പകരം ദേശീയപാതയിലെ മണ്ണു നീക്കുന്നതിനാണ് കർണാടക അധികൃതർ മുൻഗണന നല്‍കുന്നതെന്ന ആക്ഷേപം നേരത്തേതന്നെ അർജുന്റെ കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോഴും പ്രവർത്തനങ്ങൾ നടക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയും മരണസംഖ്യയും പുറംലോകത്തുനിന്ന് മറച്ചുവയ്ക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അർജുൻ ഉൾപ്പെടെ മൂന്നുപേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഇന്നലെ ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ അതിന്റെ ഇരട്ടിയിലേറെ പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന ഒരു കാറും ഇതിൽ ഉൾപ്പെടുന്നു.
രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്തുനിന്നു നൂറു മീറ്ററോളം ഉള്ളിലാണ് ലോറിയുള്ളതെന്നാണ് ജിപിഎസ് സിഗ്നലുകളിൽനിന്നുള്ള നിഗമനം. ഇത്രയും ദൂരത്തെ മണ്ണ് നീക്കിയാൽ മാത്രമേ ലോറിയുടെ അടുത്ത് എത്താൻ കഴിയൂ.
കൂടുതൽ മണ്ണുമാന്ത്രിയന്ത്രങ്ങളും ലോറികളും എത്തിച്ചാൽ മാത്രമേ ഇത് സാധ്യമാവൂ. എന്നാൽ അഞ്ചുദിവസമായിട്ടും അതിനുള്ള ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ലോറിക്കു മുകളിൽ പത്തു മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിയിട്ടുണ്ടെന്നാണ് നിഗമനം. ഇത് നീക്കംചെയ്യുന്നതിനിടയിൽ വീണ്ടും മുകളിൽനിന്ന് മണ്ണിടിച്ചിലുണ്ടായാൽ രക്ഷാപ്രവർത്തനം അവതാളത്തിലാകും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആദ്യം പാതയിലെ മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
വിഐപി സന്ദർശനങ്ങളും രക്ഷാപ്രവർത്തനങ്ങൾ വൈകിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. സൂറത്കൽ എൻഐടിയിൽനിന്നുള്ള വിദഗ്ധ സംഘവും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. അർജുന്റെ സഹോദരീഭർത്താവ് ജിതിനും ലോറി ഉടമ മനാഫുമടക്കമുള്ളവർ നാലുദിവസമായി സ്ഥലത്തുണ്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് കുടുംബം; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു
കോഴിക്കോട്: അർജുന്റെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായതായി കുടുംബം. അഞ്ചുദിവസം പിന്നിട്ട തെരച്ചിലിലും അർജുനെ കണ്ടെത്താനായിട്ടില്ല.
ഇതോടെയാണ് സൈന്യത്തെകൂടി രക്ഷാപ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണ പ്രിയപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ- മെയില്‍ അയച്ചതായി സഹോദരി അഞ്ജു മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി. കര്‍ണാടക സർക്കാരിന്റെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ ഷീലയും പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതായാണ് മനസിലാക്കുന്നത്. അങ്കോലയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുന്നില്ലെന്നും വീഴ്ച ചര്ച്ചയാവുന്നതില് അധികൃതര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരെ വിശ്വസിച്ച് രണ്ടുദിവസം വിട്ടുകൊടുത്തു. പിന്നീട് പുരോഗതി ഇല്ലാത്തതിനാല്‍ എംപിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ബന്ധപ്പെട്ടു. അതിനുശേഷമാണ് എന്തെങ്കിലും നടപടികള്‍ ഉണ്ടാകുന്നത്.