ആകാശത്ത് കുടുംബകലഹം: വിമാനം അടിയന്തരമായി ഇറക്കി
Thursday, November 30, 2023 1:56 AM IST
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ദന്പതികൾ തമ്മിൽ കലഹിച്ചതിനെത്തുടർന്ന് മ്യൂണിക്കിൽനിന്ന് ബാങ്കോംക്കിലേക്കുള്ള ലുഫ്താൻസ വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി.
പൈലറ്റിന്റെ അഭ്യർഥനയെത്തുടർന്ന് ഇന്നലെ രാവിലെ 10:26 നാണ് എൽഎച്ച് 772 നന്പർ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയതെന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളം എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു.
ജർമൻ സ്വദേശിയായ ഭർത്താവും തായ്ലൻഡ് സ്വദേശിനി ഭാര്യയും തമ്മിൽ യാത്രയ്ക്കിടെ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയായിരുന്നു. യാത്രയ്ക്കിടെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൈലറ്റിനു പരാതി നൽകിയതോടെ കൂടുതൽ പ്രകോപിതനായ ഭർത്താവ് വിമാനത്തിൽ വിതരണംചെയ്ത ഭക്ഷണം വലിച്ചെറിഞ്ഞു. സിഗരറ്റ് ലൈറ്റർകൊണ്ട് ബ്ലാങ്കറ്റ് കത്തിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തു.
ഇതോടെ വിമാനം ഡൽഹിയിൽ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ജർമൻ സ്വദേശിയെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിനുശേഷം വിമാനം ബാങ്കോക്കിലേക്കു പറന്നു.
സംഭവിച്ച കാര്യങ്ങൾക്കു വാക്കാൽ മാപ്പ് പറഞ്ഞ ഭർത്താവ്, ഇന്നലെ ഉച്ചയ്ക്കു മൂന്നരയോടെ എയർ ഇന്ത്യ വിമാനത്തിൽ യാത്രതിരിച്ചു. ഭാര്യ മറ്റൊരു വിമാനത്തിൽ ഇതിനകം യാത്രയായിരുന്നു.