ഇന്ത്യക്കു വെല്ലുവിളിയായി ബ്രിട്ടനിലും ഖലിസ്ഥാൻ വിഘടനവാദം
സ്വന്തം ലേഖകൻ
Monday, October 2, 2023 4:24 AM IST
ന്യൂഡൽഹി: കാനഡയ്ക്കു പിന്നാലെ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലും ഖലിസ്ഥാൻ വിഘടനവാദം വെല്ലുവിളിയാകുന്നു.ഇന്ത്യൻ ഹൈക്കമ്മീഷണറെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ ഖലിസ്ഥാൻ വാദികൾ തടഞ്ഞ സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ അതൃപ്തി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സ്കോട്ടിഷ് പാർലമെന്റ് അംഗത്തിന്റെ ക്ഷണം സ്വീകരിച്ചാണ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി ഗ്ലാസ്ഗോ ഗുരുദ്വാരയിലെത്തിയത്. എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മൂന്ന് ഖലിസ്ഥാൻ അനുകൂലികൾ അദ്ദേഹത്തെ കാറിൽനിന്ന് ഇറങ്ങാൻ അനുവദിച്ചില്ല. ഒരു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെപ്പോലും കാലുകുത്താൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പു നൽകി. പ്രതിഷേധം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കാതെയാണു ഹൈക്കമ്മീഷണർ മടങ്ങിയത്.
അപലപിച്ച് ബ്രിട്ടൻ
സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഇന്ത്യ, ഹൈക്കമ്മീഷണറെ ആസൂത്രിതമായി തടഞ്ഞ് അപമാനിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. ഇന്ത്യ അതൃപ്തിയറിയിച്ചതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നു ബ്രിട്ടൻ വ്യക്തമാക്കി.
നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും ആരാധനാകേന്ദ്രങ്ങൾ എല്ലാവർക്കുമുള്ളതാണെന്നും യുകെയിലെ ജൂണിയർ വിദേശകാര്യ മന്ത്രി ആൻ മേരി ട്രെവെലിയൻ വ്യക്തമാക്കി. സംഭവത്തിൽ മാപ്പു പറഞ്ഞ ഗ്ലാസ്ഗോ ഗുരുദ്വാര ഭാരവാഹികൾ, പ്രതിഷേധക്കാരുമായി ബന്ധമില്ലെന്നും വ്യക്തമാക്കി.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തോടുള്ള പ്രതികരണം മറ്റു രാജ്യങ്ങളിലും പ്രതിഫലിക്കുന്നത് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഭീഷണി കാരണം കാഡഡയിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും അതിനാലാണ് കാനഡയിലെ വീസ സേവനങ്ങൾ നിർത്തി വച്ചതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു.