അഹമ്മദാബാദ് വിമാനദുരന്തം : ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ നിരവധി
സനു സിറിയക്
Monday, July 14, 2025 2:50 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ വിമാനം പറത്തിയ പൈലറ്റുമാർക്കുനേരേ ചോദ്യമുനകൾ ഉയരുകയാണ്.
വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കും ഇന്ധനമെത്തിക്കുന്ന ഇന്ധന നിയന്ത്രണ സ്വിച്ചുകൾ വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു സെക്കൻഡുകൾക്കുപിന്നാലെ ഓഫായതും എന്തുകൊണ്ടാണ് സ്വിച്ച് ഓഫാക്കിയതെന്ന ഒരു പൈലറ്റിന്റെ ചോദ്യം കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽനിന്നു ലഭിച്ചതുമാണ് പൈലറ്റുമാരെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ആക്ഷേപങ്ങൾക്കു കാരണം.
എന്നാൽ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം വിമാനാപകടം പൈലറ്റുമാരുടെ വീഴ്ചമൂലമാണു സംഭവിച്ചതെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നാണ് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ റിപ്പോർട്ട് ചില സൂചനകൾ നൽകുന്നുണ്ടെങ്കിലും സൂക്ഷ്മമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ അവസാന നിഗമനത്തിൽ എത്തിച്ചേരാൻ കഴിയൂവെന്നും വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമാന നിലപാടാണു കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡുവും സഹമന്ത്രി മുരളീധർ മൊഹോളും ആവർത്തിച്ചത്.
അപകടം സംഭവിച്ചതിന്റെ സാങ്കേതിക കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ ഏജൻസിക്കു സാധിച്ചു. എന്നാൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ കട്ട് ഓഫ് മോഡിലേക്കു മാറിയത് എങ്ങനെയെന്നു കണ്ടെത്തിയാൽ മാത്രമേ അന്വേഷണം പൂർത്തിയാകൂ. അതിന് അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
വിമാനമെന്നതു സങ്കീർണമായ ഒരു സാങ്കേതികവിദ്യയാണ്. അതിനാൽ ഒരു അപകടം സംഭവിച്ചാൽ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിന് വിശദവും കഠിനവുമായ അന്വേഷണം അത്യാവശ്യമാണ്. വ്യോമയാന മേഖലയിൽ ഒരു അപകടം സംഭവിക്കുന്നതിന് ഒരൊറ്റ കാരണം മാത്രമാകാൻ സാധ്യത വളരെ കുറവാണ്. ഒന്നിലധികം കാരണങ്ങളുടെ കൂട്ടമായിരിക്കും അപകടത്തിലേക്കു നയിക്കുക. അതിനാൽ അക്കാര്യങ്ങളെല്ലാം അന്വേഷണ ഏജൻസി കണ്ടെത്തണമെന്ന ആവശ്യവും പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്നുവന്നിട്ടുണ്ട്.
എൻജിനിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് വിവേകമുള്ള ഒരു പൈലറ്റും ഓഫാക്കില്ലെന്നാണ് പൈലറ്റ് അസോസിയേഷൻ അംഗങ്ങൾ പറയുന്നത്. എൻജിൻ തകരാർ കൈകാര്യം ചെയ്യേണ്ട സാഹചര്യമില്ലാതെ ഇത്തരമൊരു നടപടിയിലേക്ക് ഒരു പൈലറ്റും കടക്കില്ല. എയർ ഇന്ത്യ 171 വിമാനത്തിന്റെ കാര്യത്തിൽ അതു ടേക്ക് ഓഫ് ചെയ്തു നിശ്ചിത ഉയരം കൈവരിക്കാത്ത സാഹചര്യത്തിൽ പൈലറ്റ് ഫ്യൂവൽ സ്വിച്ച് ഓഫാക്കുക അപ്രായോഗികമാണ്. കാരണം ഇത് ഏകപക്ഷീയമായ ഒരു തീരുമാനമല്ലെന്നും പൈലറ്റ് അസോസിയേഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പൈലറ്റുമാരുടെ പിഴവിനുപുറമെ മറ്റേതെങ്കിലും ഇലക്ട്രിക്കൽ പിഴവുകൾ വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫാകുന്നതിനു കാരണമായോയെന്ന് അന്വേഷണ ഏജൻസി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ ഓഫാണെന്ന് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന് സൂചന നൽകിയത് സോഫ്റ്റ്വേർ തകരാറോ മറ്റേതെങ്കിലും ഇലക്ട്രിക്കൽ തകരാറോ ആണോയെന്നു കണ്ടെത്തണമെന്നും വ്യോമയാന വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. യഥാർഥത്തിൽ സ്വിച്ചുകൾ ഓഫ് ചെയ്യാതെ സോഫ്റ്റ്വേർ തകരാർമൂലം സ്വിച്ചുകൾ ഓഫ് ചെയ്തതായി കണ്ട്രോൾ സിസ്റ്റത്തിന് സൂചന ലഭിക്കാനുള്ള സാധ്യതയുണ്ട്.
വിമാനം ഉയർത്തുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങളനുസരിച്ച് ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്കു സമീപം പൈലറ്റുമാരുടെ കൈകൾ വയ്ക്കേണ്ട ആവശ്യമില്ല. ആകസ്മികമായ അശ്രദ്ധ നിമിത്തം സ്വിച്ചുകൾ ഓഫാക്കുന്നത് തടയുന്നതിനാണിത്. ഇക്കാര്യങ്ങൾ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.
എന്നാൽ 2023 മുതൽ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ട ഒരു തകരാർപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അന്തിമ റിപ്പോർട്ട് പുറത്തുവന്നെങ്കിൽ മാത്രമേ 260 പേരുടെ മരണത്തിനിടയാക്കിയ അപകടകാരണം വ്യക്തമാകൂ.