കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
Monday, July 14, 2025 2:50 AM IST
ഹൈദരാബാദ്: നാൽപ്പതു വർഷത്തിലേറെയായി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി 750 ലധികം സിനിമകളിൽ ലീഡ് റോളിൽ തിളങ്ങിയ തെലുങ്ക് സിനിമാതാരം കോട്ട ശ്രീനിവാസ റാവു (83)അന്തരിച്ചു.
ജൂബിലി ഹിൽസിലെ ഫിലിം നഗറിലുള്ള വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഹാപ്രസ്ഥാനം പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പ്രണാം ഖരേദു (1978)ആണ് ആദ്യ ചിത്രം.തുടർന്നു വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായ കോട്ട ശ്രീനിവാസ റാവു, ജയരാജ് സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ "ദ ട്രെയിൻ’ എന്ന മലയാള ചിത്രത്തിലും പ്രമുഖ വേഷം അഭിനയിച്ചിട്ടുണ്ട്. 1999 മുതൽ 2011 വരെ വിജയവാഡ ഈസ്റ്റിൽനിന്നുള്ള ബിജെപി നിയമസഭാംഗമായിരുന്നു. 2015 ൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.