റിഫൈനറിയിൽ വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടു പേർ മരിച്ചു
Sunday, July 13, 2025 2:46 AM IST
മംഗളൂരു: മംഗളൂരു റിഫൈനറിയിൽ വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് (33), യുപി പ്രയാഗ് രാജ് സ്വദേശി ദീപ് ചന്ദ്ര (32) എന്നിവരാണു മരിച്ചത്. ഇരുവരും ഫീൽഡ് ഓപ്പറേറ്റർമാരാണ്.
ഇന്നലെ രാവിലെയായിരുന്നു അപകടം. രാവിലെ എട്ടോടെ ഇരുവരും ടാങ്ക് പരിശോധിക്കുകയായിരുന്നുവെന്നാണ് കന്പനി അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് ഇരുവരെയും ടാങ്കിന്റെ മേൽഭാഗത്തായി അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റൊരു ഓപ്പറേറ്ററുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എംആർപിഎൽ (മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്) ഉന്നതതല സമിതിയെ നിയോഗിച്ചു.
കക്കോടി എം.വി. റോഡില്‍ പുളക്കോട്ടുമ്മല് ഭഗവത് പ്രസാദിന്റെ മകനാണ് ബിജിൽ പ്രസാദ്. (33) അമ്മ: ജയറാണി. ഭാര്യ: അശ്വിനി. ആറുവയസുകാരി നിഹാര ഏകമകളാണ്. ജൂണ്‍ രണ്ടിനാണ് വീട്ടില്‍നിന്നു ബിജിൽ പ്രസാദ് ജോലിക്കായി പോയത്. ഏഴുവര്‍ഷമായി എംആര്പിഎലിലാണ് ജോലി ചെയ്യുന്നത്.