ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിനു തീപിടിച്ചു
Monday, July 14, 2025 2:51 AM IST
ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിനു തീപിടിച്ചു. 18 വാഗണുകൾ കത്തിനശിച്ചു.
നാലു വാഗണുകൾ പാളംതെറ്റി. ആളപായമില്ല. ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്കു പുറപ്പെട്ട ട്രെയിനിലാണ് ഇന്നലെ രാവിലെ 5.30ന് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് ചെന്നൈ-ആർക്കോണം റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മൂന്നാം വാഗണിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടു. തിരുവള്ളൂർ സ്റ്റേഷൻ മാസ്റ്റർ ഓവർഹെഡ് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയതോടെ 19-ാം വാഗൺവരെ തീപടർന്നു. ജനവാസമേഖലയ്ക്ക് അടുത്താണ് അപകടമുണ്ടായത്. ട്രെയിനിൽനിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ രണ്ടു കിലോമീറ്റർ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. പത്തിലധികം അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ചരക്കുട്രെയിനിനു തീപിടിച്ച സംഭവം അട്ടിമറിയാണോയെന്നു സംശയമുയർന്നിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തു പാളത്തിൽ വിള്ളൽ കണ്ടെത്തിയതാണു സംശയത്തിനു കാരണം. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 27,000 ലിറ്ററോളം ഡീസലാണ് വാഗണുകളിലുണ്ടായിരുന്നത്. അപകടസമയത്ത് സമീപത്തെ ട്രാക്കിലൂടെ മംഗളൂരു മെയിൽ പോകുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണു വൻ അപകടം ഒഴിവായത്.