സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയതിൽ പ്രതിഷേധം ശക്തമായി
Sunday, October 1, 2023 1:33 AM IST
ന്യൂഡൽഹി: അമേഠിയിൽ സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് നടത്തുന്ന സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയതിനെതിരേയുള്ള പ്രക്ഷോഭത്തിൽ പിന്തുണയുമായി കൂടുതൽ പാർട്ടികൾ രംഗത്തെത്തി.
ചികിത്സപ്പിഴവ് ആരോപിച്ചാണു ആശുപത്രിയുടെ ലൈസൻസ് ഉത്തർപ്രദേശ് ആരോഗ്യവിഭാഗം സസ്പെൻഡ് ചെയ്തത്. 22 വയസുള്ള യുവതിയുടെ മരണകാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികത്സാപ്പിഴവാണെന്ന പരാതിയിലാണ് സർക്കാർ നടപടി. സർക്കാർ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയതിനെതിരേ ജീവനക്കാർ ആശുപത്രിപ്പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തലവൻമാർക്കൊപ്പം എത്തിയാണ് എസ്പി എംഎൽഎ രാഗേഷ് പ്രതാപ് സിംഗ് പ്രതിഷേധത്തിന്റെ ഭാഗമായത്. ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയതിനെതിരേ ബിജെപി നേതാവും സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഒരു പേരു കാരണം ലക്ഷക്കണക്കിനു പേരുടെ ചികിത്സ മുടങ്ങരുതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.
വയറുവേദനയെത്തുടർന്ന് കഴിഞ്ഞ 14നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് 16ന് ലക്നോയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം മരിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ നൽകിയ അമിത ഡോസ് അനസ്തേഷ്യയാണു മരണകാരണമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഉൾപ്പെടെ നാലുപേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധ സമിതിക്ക് ജില്ലാ ആരോഗ്യവകുപ്പ് രൂപംനൽകിയിരുന്നു.
ചികിത്സാപ്പിഴവുണ്ടായെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടർന്നാണ് ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. എന്നാൽ ഉത്തർപ്രദേശ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
സോണിയാ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റാണ് 100 കിടക്കകളുള്ള സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രി നടത്തുന്നത്. 1982ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ആശുപത്രിക്കു തറക്കല്ലിട്ടത്.
1989 മുതൽ അമേഠിയിലെ മുൻഷിഗഞ്ജ് മേഖലയിൽ ആശുപത്രി പ്രവർത്തിച്ചുവരികയാണ്. 450 ജീവനക്കാരും 600 നഴ്സിംഗ് വിദ്യാർഥികളും 200 പാരാമെഡിക്കൽ വിദ്യാർഥികളുമാണ് നിലവിൽ ആശുപത്രിയിലുള്ളത്.