ഓണ്‍ലൈൻ എഫ്ഐആർ ഫയലിംഗിന് ശിപാർശ
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: കുറഞ്ഞത് മൂന്നു വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ഓണ്‍ലൈൻ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമെന്ന നിർദേശവുമായി നിയമ കമ്മീഷൻ.
ഇ-എഫ്ഐആറുകളുടെ രജിസ്ട്രേഷന് കേന്ദ്രീകൃത പോർട്ടൽ രൂപീകരിക്കണമെന്നും നിയമ കമ്മീഷൻ ശിപാർശ ചെയ്തു.
ഇത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിനു പരിഹാരമാകുമെന്നും രാജ്യത്തെ പൗരന്മാർക്ക് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനു സഹായകമാകുമെന്നാണ് കമ്മീഷന്റെ വിശദീകരണം.
സാങ്കേതികവിദ്യ ഏറ്റവുമധികം പുരോഗമിച്ച കാലഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന പഴയ രീതി ഒട്ടും അഭികാമ്യമല്ലെന്നും നിയമമന്ത്രി അർജുൻ റാം മേഘ്വാളിന് അയച്ച കത്തിൽ ലോ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ഋതുരാജ് അവസ്തി പറഞ്ഞു.