മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : അടവുകൾ പതിനെട്ടും പയറ്റി ബിജെപി
Wednesday, September 27, 2023 5:26 AM IST
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനെട്ടടവും പയറ്റി ബിജെപി.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗൻ സിംഗ് കുലാസ്തെ എന്നിവർ നിയമസഭയിലേക്കു മത്സരിക്കും.
തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ സ്ഥാനാർഥിപ്പട്ടികയിലാണ് കേന്ദ്രമന്ത്രിമാർ ഇടം കണ്ടത്. മുതിർന്ന നേതാവ് കൈലാഷ് വിജയ് വർഗിയയും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. ഇതു കൂടാതെ നാലു ബിജെപി ലോക്സഭാംഗങ്ങളും മത്സരിക്കുന്നു. ഇന്നലെ ഒരു സ്ഥാനാർഥിയെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 79 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു.
നിവാസ്(എസ്ടി) മണ്ഡലത്തിലാണ് ഫഗൻ സിംഗ് കുലാസ്തെ മത്സരിക്കുക. പ്രഹ്ലാദ് സിംഗ് പട്ടേൽ നർസിംഹ്പുരിലും നരേന്ദ്ര സിംഗ് തോമർ ദിമ്നിയിലും ജനവിധി തേടും. സഹോദരൻ ജലാം സിംഗിന്റെ മണ്ഡലത്തിലാണ് പ്രഹ്ലാദ് മത്സരിക്കുക.
എംപിമാരായ രാകേഷ് സിംഗ(ജബൽപുർ വെസ്റ്റ്), റിതി പാഠക്(സിഥി), ഗണേഷ് സിംഗ്(സത്ന), ഉദയ്പ്രതാപ് സിംഗ്(ഗദാർവാഡ) എന്നീ എംപിമാരും നിയമസഭയിലേക്കു മത്സരിക്കുന്നു. ഇൻഡോർ-1 മണ്ഡലത്തിലാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായി ആയ ഇമാർതി ദേവി, ദാബ്ര മണ്ഡലത്തിൽ മത്സരിക്കും.
അഖില ഭാരതീയ ഗോണ്ട്വാന പാർട്ടി(എബിജിപി) പ്രസിഡന്റായിരുന്ന അന്തരിച്ച മൻമോഹൻ സിംഗ് ബാട്ടിയുടെ മകൾ മോനിക്ക ബാട്ടിയാണ് അമർവാഡയിലെ സ്ഥാനാർഥി. കഴിഞ്ഞ മാസമാണു മോണിക്ക ബിജെപിയിൽ ചേർന്നത്.
അധികാരം കിട്ടിയാൽ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണു നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെയുള്ള പ്രമുഖരെ ബിജെപി മത്സരിപ്പിക്കുന്നത്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കോൺഗ്രസിനു നേരിയ മുൻതൂക്കമുണ്ടെന്നാണ് അഭിപ്രായസർവേകളുടെ പ്രവചനം. ഇതു മറികടക്കാനാണു ബിജെപി മുൻകൂട്ടി സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസാകട്ടെ ഒറ്റ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടില്ല.
മധ്യപ്രദേശിൽ പരാജയഭീതിമൂലമാണ് ബിജെപി മൂന്നു കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കുന്നതെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് പറഞ്ഞു.