മണിപ്പുർ ഹർജികളിൽ ഹാജരാകാൻ അഭിഭാഷകരെ വിലക്കരുതെന്ന് സുപ്രീംകോടതി മണിപ്പുരിൽ അഭിഭാഷകർക്ക് വിലക്കും അക്രമവും
സ്വന്തം ലേഖകൻ
Tuesday, September 26, 2023 4:23 AM IST
ന്യൂഡൽഹി: മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികളിൽ ഹാജരാകുന്നതിൽനിന്ന് അഭിഭാഷകരെ വിലക്കരുതെന്ന് മണിപ്പുർ ബാർ അസോസിയേഷനുകൾക്ക് സുപ്രീംകോടതി നിർദേശം നൽകി. അഭിഭാഷകരെ കോടതിയിൽ എത്തുന്നത് തടയരുതെന്ന് ആവശ്യപ്പെട്ടുള്ള നിർദേശം ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലല്ലെന്നും ജനങ്ങൾക്കു നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നിർദേശങ്ങൾ ലംഘിക്കുന്നത് കോടതിയുടെ ഉത്തരവിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മണിപ്പുരിൽ ഒരു പ്രത്യേക സമുദായത്തെ പ്രതിനിധീകരിച്ച് എത്തുന്ന അഭിഭാഷകരെ ഭീഷണിപ്പെടുത്തുകയും കോടതിയിൽ ഹാജരാകുന്നതിൽനിന്ന് തടയുകയും ചെയ്യുന്നതായി മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറാണ് സുപ്രീംകോടതിയെ അറിയിച്ചത്.
ഭീഷണിയെത്തുടർന്ന് അഭിഭാഷകർ വക്കാലത്ത് ഒഴിയുന്നതായും മണിപ്പുരിൽ അഭിഭാഷകർക്ക് കോടതിയിലെത്താൻ സുരക്ഷ ഒരുക്കണമെന്നും ആനന്ദ് ഗ്രോവർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മണിപ്പുർ ഹൈക്കോടതിയിൽ പ്രഫ. ഖാൻ സുവാൻ ഹോസിംഗിന്റെ കേസിൽ ഹാജരാകാൻ ഉദ്ദേശിച്ചിരുന്ന അഭിഭാഷകരിൽ ഒരാളുടെ വീടും ഓഫീസും ആക്രമിച്ച സംഭവവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ അഭിഭാഷകർക്കെതിരേയുണ്ടാകുന്ന അക്രമത്തിൽ സുപ്രീം കോടതി ബാർ അസോസിയേഷൻ ആശങ്കയറിയിച്ചു.