കോയന്പത്തൂരിൽ മത്സരിക്കുമെന്നു കമൽ ഹാസൻ
Saturday, September 23, 2023 1:42 AM IST
കോയന്പത്തൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് ചലച്ചിത്രതാരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം.
മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തേതന്നെ കമൽഹാസൻ പ്രവർത്തകർക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും നടത്തിയിരുന്നു. അതിലെല്ലാം കമൽ ഹാസൻ പങ്കാളിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും കോയമ്പത്തൂർ സൗത്തിൽ കമൽ മത്സരിച്ചിരുന്നു. അന്ന് 1700 ഓളം വോട്ടുകൾക്കാണു ബിജെപി സ്ഥാനാർഥിയോടു പരാജയപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഒന്നരലക്ഷത്തോളം വോട്ടുകൾ നേടി. സിപിഎമ്മിന്റെ പി.ആർ. നടരാജനാണ് നിലവിൽ കോയമ്പത്തൂരിൽ എംപി.