ദയാവധത്തിന് അനുമതി തേടി ഗ്യാൻവാപി പരാതിക്കാരി
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ടു കോടതിയിലെത്തിയ ഹർജിക്കാരിലൊരാൾ ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു.
മസ്ജിദ് സമുച്ചയത്തിൽ ഹൈന്ദവ പ്രാർത്ഥനകളും ആചാരങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ടു ഉത്തർപ്രദേശിലെ കോടതിയെ സമീപിച്ച അഞ്ചു സ്ത്രീകളിൽ ഒരാളായ രാഖി സിംഗാണ് ദയാവധം ആവശ്യപ്പെട്ടു കത്തയച്ചത്. കേസിൽ നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുശേഷമാണ് ദയാവധം ആവശ്യപ്പെട്ടുകൊണ്ടുള്ള രാഖി സിംഗിന്റെ കത്ത്.
ഇന്നു രാവിലെ ഒന്പതുവരെ രാഷ്ട്രപതിയുടെ പ്രതികരണത്തിനായി കാത്തിരിക്കുമെന്നും അതിനുശേഷം താൻ സ്വന്തം തീരുമാനം കൈക്കൊള്ളുമെന്നും രാഖി സിംഗ് കത്തിൽ വ്യക്തമാക്കി. സഹ ഹർജിക്കാരിൽനിന്ന് തനിക്കു നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും രാഖി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രധാന ഹർജിക്കാരിൽ ഒരാളായ ജിതേന്ദ്ര സിംഗ് വിസെന്റിന്റെ അടുത്ത ബന്ധുവാണ് രാഖി സിംഗ്.
സഹ ഹർജിക്കാരിൽനിന്നുള്ള പീഡനം ചൂണ്ടിക്കാട്ടി ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽനിന്നും താനും കുടുംബവും പിന്മാറുകയാണെന്ന് ജിതേന്ദ്ര സിംഗ് വിസെൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
2021 ഓഗസ്റ്റിലാണ് രാഖി സിംഗും മറ്റു നാല് സ്ത്രീകളും ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹർജി ഫയൽ ചെയ്തത്.