സമാധാനശ്രമങ്ങൾ വേഗത്തിലാക്കി മണിപ്പുർ
Saturday, June 3, 2023 1:52 AM IST
ഇംഫാൽ: സമാധാനം ഉറപ്പാക്കുന്നതിനായി ആയുധങ്ങൾ ഹാജരാക്കണമെന്ന നിർദേശത്തെത്തുടർന്ന് മണിപ്പുരിൽ 140 ലേറെപ്പേർ സർക്കാരിനു മുന്പാകെ ആയുധങ്ങൾ എത്തിച്ചു. സുരക്ഷാസേനകൾക്കോ സർക്കാരിനോ മുന്പാകെ ആയുധങ്ങൾ ഹാജരാക്കാമെന്ന് നാലുദിവസത്തെ സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
വരുംദിവസങ്ങളിൽ സംസ്ഥാനമെന്പാടും പരിശോധന നടത്തുമെന്നും ആയുധങ്ങൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടികളെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ആഭ്യന്തരമന്ത്രി നൽകിയിരുന്നു.
ആധുനിക സംവിധാനങ്ങളുള്ള റൈഫിളുകൾ, എ.കെ. 47 തോക്കുകൾ, മെഷീൻ ഗണ്ണുകൾ, പിസ്റ്റലുകൾ, എം 16 റൈഫിളുകൾ, ഗ്രനേഡ് ലോഞ്ചർ തുടങ്ങിയവയാണ് ആളുകൾ ഹാജരാക്കിയത്. വെള്ളിയാഴ്ച രാവിലെവരെയുള്ള കണക്കനുസരിച്ച് 140 ആയുധങ്ങൾ ലഭിച്ചതായി അധികൃതർ പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്നും വെടിവയ്പും വീടുകൾ തീയിടുന്ന സംഭവവും കുറഞ്ഞുവെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു.
കഴിഞ്ഞമാസം മൂന്നിന് തുടങ്ങിയ കലാപത്തെത്തുടർന്ന് എൺപതോളം പേർക്കാണ് ജീവൻ നഷ്ടമായത്. 272 ദുരിതാശ്വാസക്യാന്പുകളിലായി 37,450 പേർ കഴിയുന്നുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലകളിലെ പത്ത് ക്യാന്പുകളിൽ 807 പേരുണ്ട്. ഇംഫാൽ ഈസ്റ്റിൽ 39 ക്യാന്പുകളിലായി 7,183 പേരും താമസിക്കുന്നു. ബിഷ്ണുപുർ, ചുരാചന്ദ്പുർ തുടങ്ങിയ ജില്ലകളിലും ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.