മുൻകൂർ ജാമ്യാപേക്ഷ നൽകി
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ ക്രൈസ്തവ അനാഥാലയത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർ പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ നൽകിയ പരാതിയിൽ ജബൽപുർ ബിഷപ് ഡോ. ബി.പി. ജെറാൾഡ് അൽമേദയും സിസ്റ്റർ ലിജി ജോസഫും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ നിർധനരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആശാകിരണ്‍ ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിനെതിരേയാണ് ആരോപണം.
അനാഥാലയത്തിലെ മൂന്ന് ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അനാഥാലയത്തിന്റെ ചെയർമാനായ ബിഷപ് അൽമേദയും സിസ്റ്റർ ലിജി ജോസഫും നിർബന്ധിച്ചുവെന്നാണ് കനൂംഗോ ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ തികച്ചും മോശമായ വിധത്തിലാണു പെരുമാറിയതെന്ന് ഓർഫനേജ് അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
മധ്യപ്രദേശിലെ കട്നി ജില്ലാ കോടതിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു ബിഷപ് ഡോ. ജെറാൾഡ് അൽമേദയും സിസ്റ്റർ ലിജി ജോസഫും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.