മൊബൈൽ ഫോൺ എടുക്കാൻ ഡാമിലെ 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് 53,000 രൂപ പിഴ
Wednesday, May 31, 2023 1:30 AM IST
റായ്പുർ: ഡാമിലേക്കു വീണ വില കൂടിയ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ഡാമിലെ 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥന് 53,092 രൂപ പിഴ ചുമത്തി ഛത്തീസ്ഗഡ് സർക്കാർ. കാങ്കേർ ജില്ലയിലെ പഖൻജോർ മേഖലയിൽ ജോലി ചെയ്യുന്ന രാജേഷ് വിശ്വാസിനാണ് ജലവിഭവ വകുപ്പ് പിഴ ചുമത്തിയത്.
4,104 ക്യുബിക് മീറ്റർ (41 ലക്ഷം) വെള്ളമാണു വിശ്വാസ് ഒഴുക്കിക്കളഞ്ഞത്. ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ സംഭവത്തിൽ രാജേഷ് സസ്പെൻഷനിലാണ്. മേയ് 21നായിരുന്നു വിശ്വാസിന്റെ ഫോൺ ഡാമിലേക്കു വീണത്. മേയ് 25നു ഗ്രാമവാസികളുടെ സഹായത്തോടെ, ഡീസൽ പന്പ് ഉപയോഗിച്ചാണ് വെള്ളം വറ്റിച്ച് മൊബൈൽ ഫോൺ കണ്ടെടുത്തത്.