മന്ത്രോച്ചാരണങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരം തുറന്നു
രാഹുൽ ഗോപിനാഥ്
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാന പ്രതിപക്ഷനേതാക്കളുടെയും അഭാവം തീർത്ത ശൂന്യതയിൽ, പൂജാദികർമങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും മധ്യേ, പുതിയ പാർലമെന്റ് മന്ദിരം തുറന്നു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അധീനങ്ങളിൽനിന്ന് അണിനിരന്ന പൂജാരിമാരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പൂജാരിമാരുടെ സംഘത്തിനു മുന്പിൽ പ്രധാനമന്ത്രി സാഷ്ടാംഗപ്രണാമം നടത്തിയാണു ചെങ്കോൽ ഏറ്റുവാങ്ങിയത്. മന്ത്രോച്ചാരണങ്ങളും പ്രാർഥനകളും നിറഞ്ഞ സദസിനെ സാക്ഷിനിർത്തി സ്പീക്കറുടെ ഇരിപ്പിടത്തിന് അരികിലായി പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു.
പാർലമെന്റ് ഉദ്ഘാടനത്തിനു പിന്നാലെ പ്രത്യേക സ്റ്റാന്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മതേതരരാജ്യത്തിന് ചേർന്ന വിധത്തിലല്ല സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് തന്റെ പട്ടാഭിഷേകമായാണു മോദി കരുതുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്റ് ഒരിക്കൽപ്പോലും കാണാനിടവന്നിട്ടില്ലാത്ത ചടങ്ങുകളാണ് ഇന്നലെ പാർലമെന്റിൽ നടന്നതെന്നും സാധു സന്യാസികൾക്കു മുന്നിൽ പ്രധാനമന്ത്രി വീണു നമസ്കരിച്ചത് രാജ്യത്തിന്റെ യശസ് ഇടിക്കുന്ന കാഴ്ചയാണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ബിജെപി ഉൾപ്പെടെ 25 പാർട്ടികൾ ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുത്തപ്പോൾ 20 പ്രതിപക്ഷപാർട്ടികൾ ചടങ്ങിൽനിന്ന് വിട്ടുനിന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെയും സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷനാണു ചടങ്ങിൽ പങ്കുവച്ചത്.
അഭിലാഷങ്ങളുടെ പ്രതീകം: പ്രധാനമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കുമെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ അനശ്വര ദിവസമാണ് ഇന്നലെ പിന്നിട്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ മുന്നോട്ടു നീങ്ങുന്പോൾ ലോകവും മുന്നോട്ടു നീങ്ങുന്നു. പുതിയ പാർലമെന്റ് ഇന്ത്യയുടെ വികസനവും ലോകത്തിനു നേട്ടവുമാകും. പുതിയ പാർലമെന്റിൽനിന്നു കൈക്കൊള്ളുന്ന തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യം തുടച്ചെറിയും. ചോള രാജവംശത്തിന്റെ നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്ന ചെങ്കോൽ രാജ്യത്തിനു മാർഗദർശിയാകുമെന്നും സഭാ സമ്മേളനങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി പറഞ്ഞു. ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന് എൻഡിഎ സർക്കാർ അർഹിക്കുന്ന ബഹുമാനം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.