മദനിയുടെ ഹർജി ഏപ്രിൽ 13ലേക്കു മാറ്റി
Tuesday, March 28, 2023 1:15 AM IST
ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ബംഗളൂരുവിൽത്തന്നെ തുടരേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്തു സുപ്രീംകോടതി. ജാമ്യവ്യവസ്ഥയിൽ ഇളവുതേടി മദനി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്.
വിചാരണയുടെ അന്തിമവാദം മാത്രം ബാക്കിനിൽക്കെ മദനി ബംഗളൂരുവിൽ തുടരേണ്ടതിന്റെ ആവശ്യകതയെന്താണെന്നായിരുന്നു ജസ്റ്റീസ് അജയ് റസ്ത്തോഗി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
നാളിതുവരെ ജാമ്യവ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകുന്നതിൽ എന്താണു തടസമെന്ന് വ്യക്തമാക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം വേണമെന്നു കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് മദനി നൽകിയ ഹർജി ഏപ്രിൽ 13ലേക്ക് മാറ്റിവച്ചു. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണു മദനിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
ചികിത്സാസംബന്ധമായ ആവശ്യങ്ങൾക്കായി കേരളത്തിലേക്കു പോകണമെന്നാവശ്യപ്പെട്ടായിരുന്നു മദനി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ആവശ്യപ്പെടുന്ന സമയത്ത് ബംഗളൂരുവിലെത്താമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.