അമരാവതി ആശുപത്രിയിലെ തീപിടിത്തം; നവജാതശിശു മരിച്ചു
Tuesday, September 27, 2022 1:14 AM IST
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ ഒരു പിഞ്ചുകുട്ടി മരണത്തിനു കീഴടങ്ങി.
37 നവജാത ശിശുക്കളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്കു പതിനൊന്നിനാണ് അഗ്നിബാധയുണ്ടായത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന 12 കുട്ടികളെ ഉടൻ നഗരത്തിലെ അത്യാധുനിക സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇതിലൊരുകുട്ടിയാണ് ഇന്നലെ പുലർച്ചെ മരിച്ചത്.
അത്യാഹിതവിഭാഗത്തിൽ നിന്നു പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. ഏതാനുംസമയംകൊണ്ട് തീയണയ്ക്കാനും കഴിഞ്ഞു.