വിദേശത്തുനിന്നു വരുന്നവർക്കു കോവിഡ് സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നു
Wednesday, August 10, 2022 1:13 AM IST
ന്യൂഡൽഹി: വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാർ "എയർ സുവിധ’ പോർട്ടലിൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണമെന്നത് എടുത്തുകളയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. അതേസമയം കോവിഡ് ഇല്ലെന്നു സ്വയംസാക്ഷ്യപ്പെടുന്നതു തുടർന്നേക്കുമെന്നും ഔദ്യോഗികകേന്ദ്രങ്ങൾ സൂചിപ്പിച്ചു.
പോർട്ടൽ കൃത്യമായി പ്രവർത്തിക്കാറില്ലെന്നു വ്യാപക പരാതിയുണ്ട്. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും യാത്രക്കാർ നിരന്തരം ഉന്നയിച്ചിരുന്നു.
സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഒഴിവാക്കാനുള്ള തീരുമാനം.