ജാതി സെൻസസ് വേണം: ലാലു
Thursday, September 23, 2021 12:31 AM IST
പാറ്റ്ന: ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്നും സംവരണപരിധി എടുത്തുകളയണമെന്നും രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികമാണ് പട്ടികജാതി പട്ടിക വർഗവിഭാഗങ്ങളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും എണ്ണമെങ്കിൽ സംവരണപരിധി ഉയർത്തണമെന്നും പാർട്ടി പ്രവർത്തകർക്കുള്ള പരിശീലനക്ലാസിൽ ലാലു ആവശ്യപ്പെട്ടു.
ജാതി തിരിച്ചുള്ള സെൻസസിന് ആദ്യം ശബ്ദമുയർത്തിയത് ഞാനാണ്. പാർലമെന്റിൽ പലതവണ ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും ഒട്ടേറെ തവണ പാർലമെന്റ് അംഗവും ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ റെയിൽവേ മന്ത്രിയുമായ ലാലു പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുന്പ് നടത്തിയ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സംവരണത്തോത്-അദ്ദേഹം വ്യക്തമാക്കി. 50 ശതമാനത്തിൽ നിജപ്പെടുത്തിയിരുന്ന സംവരണപരിധി എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിലായിരുന്ന ലാലു മോചിതനായശേഷം ഡൽഹിയിൽ വിശ്രമത്തിലാണ്. പാർട്ടി പ്രവർത്തകർക്കായുള്ള വെർച്വൽ യോഗത്തിൽ അവശത മറന്നും ലാലു സംസാരിക്കുകയായിരുന്നു.