ഫോൺ ചോർത്തൽ: രാജസ്ഥാൻ കോൺഗ്രസ് ചീഫ് വിപ്പിനു ഡൽഹി പോലീസ് സമൻസ് അയച്ചു
Thursday, June 24, 2021 1:37 AM IST
ജയ്പുർ: ഫോൺ ചോർത്തൽ കേസിൽ ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് രാജസ്ഥാൻ നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിക്കു സമൻസ് അയച്ചു. ജോധ്പുരിൽനിന്നുള്ള എംപിയും കേന്ദ്ര ജലശക്തി മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
ക്രൈംബ്രാഞ്ചിന്റെ രോഹിണിയിലെ പ്രശാന്ത് വിഹാർ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്നും ജോഷി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ കഴിഞ്ഞവർഷമുണ്ടായ അസ്വാരസ്യത്തിനിടെ കോൺഗ്രസ് നേതാക്കൾ ഷെഖാവത്തുമായി നടത്തിയ ഫോൺ സംഭാഷണം ചോർത്തിയെന്നാണു പരാതി.
രാജസ്ഥാൻ സർക്കാരിനെ താഴെയിടാൻ ഷെഖാവത്ത് ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഷെഖാവത്തിന്റെ പരാതിയിൽ മാർച്ചിൽ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഗെഹ്ലോട്ടിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ലോകേഷ് ശർമ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുകയും ചെയ്തിരുന്നു.