ഇന്ത്യയിൽ പുതിയ രോഗികൾ മൂന്നു ലക്ഷം
Thursday, April 22, 2021 12:55 AM IST
ന്യൂഡൽഹി: കോവിഡ്- 19ന്റെ തുടക്കം മുതലുള്ള ചരിത്രത്തിലാദ്യമായി ചൊവ്വാഴ്ച ഇന്ത്യയിൽ 2.94 ലക്ഷം പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്തെ ഏതെങ്കിലും രാജ്യത്ത് ഇതേവരെ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും കൂടിയ രണ്ടാമത്തെ കോവിഡ് രോഗികളുടെ എണ്ണമാണിത്.
ചൊവ്വാഴ്ച 24 മണിക്കൂറിൽ 2,023 മരണവും ഉണ്ടായതോടെ ഇന്ത്യയിൽ ആകെ മരിച്ചവർ 1,82,570 ആയി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ- ആകെ 1.56 കോടി (1,56,16,130) പേർ. ബ്രസീലിനെ മറികടന്നാണിത്. അമേരിക്കയാണു മുന്നിൽ.
മഹാരാഷ്ട്ര യുപി, ഡൽഹി, കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണു കൂടുതൽ രോഗവ്യാപനം. മഹാരാഷ്ട്ര- 3,960,359, കേരളം- 1,197,301, കർണാടകം- 1,109,650, തമിഴ്നാട്- 962,935, ആന്ധ്രപ്രദേശ്- 942,135 എന്നിങ്ങനെയാണ് മൊത്തം കോവിഡ് കേസുകളുടെ എണ്ണം.
തീവ്രവ്യാപനം അതിരൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളിൽ കർഫ്യു, ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗോവയിൽ രാത്രികാല കർഫ്യു കർശനമാക്കി. രോഗികൾ നിറഞ്ഞ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ലക്നോ, ഭോപ്പാൽ, കോൽക്കത്ത, അലഹാബാദ്, സൂററ്റ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഓക്സിജൻ വിതരണവും ഐസിയു, വെന്റിലേറ്റർ തുടങ്ങിയവയുടെ ലഭ്യതയും കടുത്ത പ്രതിസന്ധി നേരിടുന്നു.