ലൈംഗിക പീഡനം : ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
Thursday, January 28, 2021 12:22 AM IST
ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നത് പോക്സോ നിയമ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താത്കാലികമായി റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഞെട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിശദമായ ഹർജി സമർപ്പിക്കാൻ കോടതി എജിയോടു നിർദേശിച്ചു.
പോക്സോ നിയമ പ്രകാരമുള്ള കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശം അഭൂതപൂർവമായതും അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കാൻ സാധ്യതയുള്ളതുമാണെന്നു അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടിയതായി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്ത കോടതി, കേസിലെ പ്രതിക്കു നോട്ടീസയയ്ക്കാനും നിർദേശിച്ചു.
അറ്റോർണി ജനറൽ അപ്പീൽ ഹർജി സമർപ്പിക്കുന്നതിന്റെ മുറയ്ക്ക് കേസ് വീണ്ടും കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ ജസ്റ്റീസ് പുഷ്പ ഗനേഡിവാലയാണ് ജനുവരി 19നു വിവാദ വിധി പുറപ്പെടുവിച്ചത്.