കേരളം യുഡിഎഫ് തിരിച്ചുപിടിക്കും: എ.കെ. ആന്റണി
Tuesday, January 19, 2021 12:40 AM IST
ന്യൂഡൽഹി: ഒറ്റക്കെട്ടായി നിന്നു യുഡിഎഫിന്റെ വിജയം ഉറപ്പാക്കുമെന്നും കേരളം തിരിച്ചുപിടിക്കുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ജയിച്ചു കഴിഞ്ഞാൽ മുഖ്യമന്ത്രി ഉണ്ടാകുമെന്നും അതുവരെ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്നും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയ്ക്കു ശേഷം ആന്റണിയും നേതാക്കളും പറഞ്ഞു.
ജയിക്കുകയാണു ലക്ഷ്യം. കേരളത്തിലെ യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമായിരിക്കും കോണ്‍ഗ്രസിനെ നയിക്കുക. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, താരീഖ് അൻവൻ എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ചെറുപ്പക്കാർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന നൽകണമെന്ന് കേരള നേതാക്കളുമായി നടത്തിയ ചർച്ചയിൽ എഐസിസി അധ്യക്ഷ സോണിയ നിർദേശിച്ചു. ഇത്തവണ ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്ന് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.