ലേബർ കോഡ് ബില്ലുകൾ പാസാക്കി
Thursday, September 24, 2020 12:38 AM IST
ന്യൂഡൽഹി: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പാർലമെന്റിനു പുറത്ത് രൂക്ഷ പ്രതിഷേധം ഉയർത്തുന്നതിനിടെ രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന വിവാദ ലേബർ കോഡ് ബില്ലുകൾ രാജ്യസഭയിൽ പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസായ ബില്ലിൽ രാഷ്ട്ര പതി ഒപ്പു വയ്ക്കുന്നതോടെ നിയമം ആകും.
കോഡ് ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് (വ്യവസായ ബന്ധ നിയമം), ഇൻഡസ്ട്രിയൽ കോഡ് ഓണ്‍ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെെൽഫയർ (സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്), കോഡ് ഓണ്‍ ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്‍ഡ് വർക്കിംഗ് കണ്ടീഷണൽ കോഡ് (തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യവും സംബന്ധിച്ച നിയമം) എന്നിവയാണ് ഇന്നലെ പാസായ മൂന്ന് തൊഴിൽ കോഡുകൾ. ഇതിൽ ഉൾപ്പെടുന്ന കോഡ് ഓണ്‍ വെയ്ജസ് ബിൽ ഇതിനോടകം പാസായിട്ടുണ്ട്.
വിവാദ ബില്ലുകൾ ഏകപക്ഷീയമായി പാസാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുതൽ ഇരുസഭകളും ബഹിഷ്കരിച്ച പ്രതിപക്ഷം രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് കത്തെഴുതിയിരുന്നു. ഇത് ജനാധിപത്യത്തെ ബാധിക്കുന്ന ഒന്നായിരിക്കുമെന്നു പ്രതിപക്ഷം കത്തിൽ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ബില്ലുകൾ പാസാക്കിയ ഉടൻ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പുതിയ ബില്ലുകൾ തൊഴിലാളികൾക്ക് സുരക്ഷിതത്വം നൽകുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ഗാഗ്വർ പഞ്ഞു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും വിദേശ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുമെന്നുമാണു മന്ത്രി വ്യക്തമാക്കിയത്. 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സർക്കാരിന്റെ അനുമതിയില്ലാതെ പിരിച്ചുവിടുന്നതിനും ആവശ്യാനുസരണം സ്ഥാപനം പൂട്ടാം എന്നുമുള്ള നിയമം ഇതിനോടകം തന്നെ 16 സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
ബില്ലിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പുതിയ ബില്ലുകൾ തൊഴിലാളികളെ പിരിച്ചുവിടുന്നത് എളുപ്പമാക്കുമെന്നും പ്രതിഷേധിക്കുന്ന അവകാശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി.