ബംഗാളിൽ ബിജെപി പ്രവർത്തകൻ ബോംബേറിൽ കൊല്ലപ്പെട്ടു
Monday, September 21, 2020 12:21 AM IST
ടാംലുക്: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. ദീപക് മണ്ഡൽ(40) ആണു കൊല്ലപ്പെട്ടത്. വെസ്റ്റ് മിഡ്നാപുർ ജില്ലയിലെ സബാംഗ് മേഖലയിൽ ശനിയാഴ്ച രാത്രിയാണ് സംഘർഷം ആരംഭിച്ചത്. വിശ്വകർമ പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷം ബോംബേറിൽ കലാശിക്കുകയായിരുന്നു. മോയ്ന സ്വദേശിയാണ് ദീപക്.
പ്രദേശത്തെ പ്രമുഖനായിരുന്ന ദീപക് മണ്ഡലിനെ തൃണമൂൽ കോൺഗ്രസുകാർ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു ബിജെപി ആരോപിച്ചു. അതേസമയം, മോയ്ന സ്വദേശിയായ മണ്ഡൽ സബംഗിലെത്തിയത് സംഘർഷം രൂക്ഷമാക്കാനാണെന്നും മണ്ഡൽ കൊണ്ടുവന്ന ബോംബാണു പൊട്ടിയതെന്നും തൃണമൂൽ നേതാക്കൾ ആരോപിച്ചു.