അഫ്ഗാൻ ജയിൽ ആക്രമണം: ആസൂത്രകൻ മലയാളി ഭീകരൻ
Wednesday, August 5, 2020 12:26 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ ഞായറാഴ്ചയുണ്ടായ ഐഎസ് ഭീകരാക്രമണത്തിനു നേതൃത്വം നല്കിയത് മലയാളി ഭീകരനെന്നു റിപ്പോർട്ട്. കാസർഗോഡ് സ്വദേശി കല്ലുകെട്ടിയപുരയിൽ ഇജാസ് എന്ന കെ.പി. ഇജാസ് ആണ് ആക്രമണത്തിനു നേതൃത്വം നല്കിയതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിൽ 10 ഭീകരർ ഉൾപ്പെടെ 29 പേർ മരിച്ചു. ആക്രമണത്തിൽ പങ്കാളിയായിരുന്ന 11 ഐഎസ് ഭീകരരിൽ മൂന്നു പേർ ഇന്ത്യക്കാരാണെന്ന് അഫ്ഗാൻ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. ഒരാൾ പാക്കിസ്ഥാൻകാരനാണ്.
തൃക്കരിപ്പൂർ സ്വദേശിയായ ഇജാസ് 2016ൽ ഭാര്യ റിഹൈലയ്ക്കും രണ്ടുവയസുള്ള കുട്ടിക്കുമൊപ്പം കേരളം വിട്ട് ഐഎസിൽ ചേരുകയായിരുന്നു. കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് ഐഎസിൽ ചേർന്ന 17 അംഗ സംഘത്തിൽപ്പെട്ടയാളാണ് ഇജാസ്.