ഡൽഹിയിൽ മനോജ് തിവാരിക്കു പകരം ആദേശ് കുമാർ ബിജെപി പ്രസിഡന്റ്
Tuesday, June 2, 2020 11:58 PM IST
ന്യൂഡൽഹി: ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയെ മാറ്റി. ആദേശ് കുമാർ ഗുപ്തയാണ് ബിജെപിയുടെ പുതിയ ഡൽഹി അധ്യക്ഷൻ. സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ മനോജ് തിവാരിയെ 2016ലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് മനോജ് തിവാരിയുടെ സ്ഥാനചലനത്തിനു കാരണമെന്നാണ് വിവരം. 2013ൽ സമാജ്വാദി പാർട്ടിയിൽ നിന്നാണ് മനോജ് തിവാരി ബിജെപിയിലേക്കെത്തുന്നത്.
വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മുൻ മേയറായിരുന്നു ആദേശ് കുമാർ ഗുപ്ത.
പാർട്ടി ഏല്പിച്ച ഉത്തരവാദിത്തം ആത്മാർഥമായും സത്യസന്ധമായും നിർവഹിക്കുമെന്നാണ് ഗുപ്ത പ്രതികരിച്ചത്. ഡൽഹി തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ മനോജ് തിവാരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തൽസ്ഥാനത്ത് തുടരാനായിരുന്നു ബിജെപി നിർദേശം. ഭോജ്പുരി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് മനോജ് തിവാരി അറിയപ്പെട്ടത്. അടുത്തയിടെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് മനോജ് തിവാരി ക്രിക്കറ്റ് കളിച്ചത് വിവാദമായിരുന്നു.