രണ്ടുവർഷം പരസ്യം നൽകരുതെന്ന നിർദേശം പിൻവലിക്കണം: ഐഎൻഎസ്
Thursday, April 9, 2020 12:12 AM IST
ന്യൂഡൽഹി: കോവിഡ് ദുരന്തം അതിജീവിക്കുന്നതിനായി രണ്ട് വർഷത്തേക്കു മാധ്യമങ്ങൾക്കു പരസ്യം നൽകുന്നതു നിർത്തലാക്കണമെന്നുള്ള കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം പിൻവലിക്കണമെന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയും സ്വകാര്യ എഫ്എം റേഡിയോ ചാനലുകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് റേഡിയോ ഓപറേറ്റേഴ്സ് ഫോർ ഇന്ത്യയും. സോണിയാ ഗാന്ധിയുടെ നിർദേശം പത്ര മാധ്യമങ്ങളിലെ ഫൈനാൻസ് സെൻസർഷിപ്പിനു വഴിവയ്ക്കുമെന്ന് ഐഎൻഎസ് കുറ്റപ്പെടുത്തി.
പരസ്യങ്ങൾ നിർത്തലാക്കിയാൽ റേഡിയോ പ്രക്ഷേപണമെല്ലാം നിർത്തിവയ്ക്കേണ്ടി വരും. അതിനാൽ നിലവിൽ നിർത്തലാക്കിയ പരസ്യ വിതരണം പുനഃസ്ഥാപിക്കുകയും കോവിഡ് ദുരന്തം മൂലം പ്രതിസന്ധിയിലായ തങ്ങൾക്കുവേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യണമെന്നും എആർഒഐ ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ നിർദേശത്തിനെതിരേ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.