വിദ്വേഷ പ്രസംഗം: കേന്ദ്രമന്ത്രിക്കും എംപിക്കും പ്രചാരണ വിലക്ക്
Thursday, January 30, 2020 12:11 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തിയ കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനും പാർലമെന്റ് അംഗം പർവേശ് വർമയ്ക്കും എതിരേ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.
ഇരുവരേയും ബിജെപിയുടെ താരപ്രചാരക പട്ടികയിൽ നിന്നു നീക്കം ചെയ്യാൻ കമ്മീഷൻ നിർദേശം നൽകി. ഇരുവരുടെയും വിവാദ പരാമർശങ്ങൾ പ്രഥമ ദൃഷ്ട്യാ തന്നെ തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്രചാരണ റാലിക്കിടെ രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കാൻ ആഹ്വാനം ചെയ്തുള്ള പരാമർശത്തിനാണ് അനുരാഗ് സിംഗ് താക്കൂറിനെതിരായ നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രസംഗം.
ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും മാനഭംഗവും ചെയ്യുമെന്നായിരുന്നു ഡൽഹിയിലെ വോട്ടർമാരോടായി പർവേശ് വർമ പറഞ്ഞത്. ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ഒരു മണിക്കൂറിനകം ഷഹീൻബാഗ് തുടച്ച് നീക്കുമെന്നും ബിജെപി എംപി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടം അനുസരിച്ച് ഒരു ദേശീയ, സംസ്ഥാന പാർട്ടിക്ക് 40 പേരെ വരെ താര പ്രചാരകരായി ഉൾപ്പെടുത്താം. ചെറുകിട പാർട്ടികൾക്ക് 20 താര പ്രചാരകരെ ഉൾപ്പെടുത്താം.
എന്നാൽ, സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവുകളോടൊപ്പം താര പ്രചാരകരുടെ യാത്രാ ചെലവുകൾ ഉൾപ്പെടുത്തരുതെന്നാണു ചട്ടം.