താക്കറെയുടെ അയോധ്യ സന്ദർശനത്തിന് കോൺഗ്രസിനെയും എൻസിപിയെയും ക്ഷണിക്കും: സഞ്ജയ് റൗത്ത്
Thursday, January 23, 2020 11:38 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി മുന്നണി അധികാരത്തിലേറിയതിന്റെ 100-ാം ദിനത്തിൽ അയോധ്യ സന്ദർശിക്കുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം കോൺഗ്രസ്, എൻസിപി നേതാക്കളെയും ക്ഷണിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ശ്രീരാമനു പൂജ അർപ്പിക്കുന്നതും പൊതു മിനിമം പരിപാടിയും തമ്മിൽ ബന്ധമൊന്നുമില്ലെന്നും റൗത്ത് പറഞ്ഞു.
ബിജെപിയുമായി വഴിപിരിഞ്ഞതിനുശേഷമുള്ള താക്കറെയുടെ ആദ്യ അയോധ്യ സന്ദർശനമാണിത്. ശ്രീരാമന്റെ അനുഗ്രഹംകൊണ്ട് ഭരണത്തിൽ നൂറു നാൾ തികയ്ക്കുന്ന അന്ന് അയോധ്യ സന്ദർശിക്കാനാണ് തീരുമാനം. വീട്ടിനുള്ളിൽ ശ്രീരാമനു പൂജ അർപ്പിക്കുന്നവരാണ് നമ്മൾ. അതിനാലാണ് അയോധ്യയിൽ പൂജ ചെയ്യാൻ ഏവരെയും ക്ഷണിക്കുന്നത്- റൗത്ത് കൂട്ടിച്ചേർത്തു. സർക്കാർ രൂപവത്കരിക്കാൻ എൻസിപി പച്ചക്കൊടി കാട്ടിയതിനെത്തുടർന്ന് 2019 നവംബർ 24ന് നടത്താനിരുന്ന അയോധ്യ സന്ദർശനം ഉദ്ധവ് മാറ്റിവയ്ക്കുകയായിരുന്നു. നവംബർ 28ന് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.