ശബരിമലയ്ക്ക് തിരുപ്പതി മാതൃക; നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നു സുപ്രീംകോടതി
Thursday, November 21, 2019 12:49 AM IST
ന്യൂഡൽഹി: ശബരിമലയിലെ ഭരണ നിർവഹണത്തിനായി തിരുപ്പതി, ഗുരുവായൂർ ദേവസ്വം മാതൃകയിൽ പ്രത്യേക നിയമം കൊണ്ടുവരണമെന്നു സുപ്രീം കോടതി. നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ശബരിമലയെ മറ്റു ക്ഷേത്രവുമായി താരതമ്യം ചെയ്യുന്നതു ശരിയല്ലെന്നു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
പന്തളം രാജകൊട്ടാരം അവകാശികൾ നൽകിയ ഹർജിയിലാണു കോടതിയുടെ നടപടി. ശബരിമലയിലെ ഭരണനിർവഹണത്തിനായി ഗുരുവായൂർ ദേവസ്വം മാതൃകയിൽ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് ഓഗസ്റ്റ് 27നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തിൽ മൂന്നു മാസമായി ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നു വിലയിരുത്തി.
പുതിയ നിയമത്തിന്റെ കരട് പകർപ്പ് സർക്കാരിന്റെ സ്റ്റാൻഡിംഗ് കോണ്‍സൽ ജി. പ്രകാശ് കോടതിക്കു കൈമാറി. തിരുപ്പതി, ഗുരുവായൂർ മാതൃകയിൽ പ്രത്യേക ദേവസ്വം രൂപീകരിക്കുകയും സമിതിയിൽ മൂന്നിൽ ഒന്ന് വനിതയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്യുമെന്ന കരട് നിർദേശം വായിച്ച കോടതി, ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കിൽ വനിതയെ എങ്ങനെയാണ് സമിതി അംഗമാക്കുക എന്ന സംശയം ഉയർത്തി. കേസ് വീണ്ടും ജനുവരി മൂന്നാം വാരം പരിഗണിക്കും.